നെയ്യമൃത് സംഘങ്ങൾ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു
കാടാച്ചിറ : കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ ഭാഗമായി തൃക്കപാലം ശിവക്ഷേത്രത്തിൽനിന്നുള്ള നെയ്യമൃത് സംഘം പ്രയാണമാരംഭിച്ചു. ചൊവ്വാഴ്ച രാവിലെ ക്ഷേത്രത്തിൽ നടന്ന പ്രത്യേക ചടങ്ങുകൾക്ക് ശേഷമാണ് പുല്ലാഞ്ഞിയോട്ട് മാധവൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 17 അംഗ സംഘം യാത്രപുറപ്പെട്ടത്. പരമ്പരാഗത വഴികളിലൂടെ കാൽനടയായി നീങ്ങുന്ന സംഘം ചൊവ്വാഴ്ച രാത്രി പെരിഞ്ചേരി അമ്പലത്തിലും ബുധനാഴ്ച രാത്രി മണത്തണ അമ്പലത്തിലും വിശ്രമിക്കും. തുടർന്ന് വ്യാഴാഴ്ച വൈകിട്ടോടെ സംഘം കൊട്ടിയൂർപുണ്യഭൂമിയിൽ എത്തിച്ചേരും. അഞ്ചരക്കണ്ടി പുഴയ്ക്കും വളപട്ടണം പുഴയ്ക്കും ഇടയിലുള്ള ഏക മണ്ഡലമെന്ന സവിശേഷതയും തൃക്കപാലത്തിനുണ്ട്.
