കണ്ണൂര്‍ മാലൂരിലെ ജനവാസ മേഖലയില്‍ നിന്നും മയക്കുവെടിവച്ച് പിടിച്ച പുലി ചത്തു
കണ്ണൂർ: കണ്ണൂർ മാലൂരിൽ നിന്ന് മയക്കുവെടിവച്ച് പിടികൂടിയ പുലി ചത്തു. ആന്തരിക പരുക്കാണ് മരണകാരണമെന്ന് നിഗമനം. ജനവാസ മേഖലയിൽ പന്നിക്കെണിയിൽപ്പെട്ട പുലിയെ വനംവകുപ്പ് മയക്കുവെടി വച്ചാണ് പിടിച്ചത്.
മാലൂരിൽ ഇത് ആദ്യത്തെ സംഭവമാണ്. പുലിയെ കണ്ട വാർത്ത നാടാകെ പരന്നതോടെ ജനം ഒഴുകിയെത്തി. വെറ്ററിനറി സർജൻ വയനാട്ടിൽ നിന്ന് എത്താൻ സമയമെടുത്തതിനാൽ ദൗത്യം നീണ്ടു. ഡോക്ടർ ഏലിയാസ് റാവുത്തർ എത്തിയതോടെ മയക്കുവെടി വെച്ചു. രണ്ടുതവണ മയക്കുവെടി ഉതിർത്താണ് പുലിയെ വരുതിയിലാക്കിയത്.
അരമണിക്കൂറിലേറെ സമയമെടുത്തു പുലിയെ വലയ്ക്കുള്ളിലാക്കാൻ. പിന്നീട് വനംവകുപ്പ് വാഹനത്തിൽ പുലിയെ വയനാട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍ പുലിയുടെ ആന്തരിക പരുക്ക് മരണത്തിനു കാരണമായി. കൃഷിയിടത്തിൽ പന്നിക്കെണി വച്ചത് താനല്ലെന്ന് സ്ഥലമുടമ രാമകൃഷ്ണൻ പറഞ്ഞു. പന്നിക്കെണി വെച്ചതിനെക്കുറിച്ച് വനം വകുപ്പ് അന്വേഷണം തുടങ്ങി.
