കർണാടകത്തിൽ മക്കളെ കനാലിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ പിതാവ് കസ്റ്റഡിയിൽ
യാദ്ഗിരി: കർണാടകത്തിൽ മക്കളെ കനാലിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ പിതാവ് കസ്റ്റഡിയിൽ. ഒൻപത് വയസ്സുള്ള പെൺകുട്ടിയും രണ്ടര വയസ്സുള്ള സഹോദരനുമാണ് കൊല്ലപ്പെട്ടത്. യാദ്ഗിരി ജില്ലയിലെ ജലസേചന കനാലിൽ നിന്നാണ് സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടികൾക്ക് അമ്മയോടുള്ള അടുപ്പമാണ് പിതാവിൻ്റെ ക്രൂരകൃത്യത്തിന് പിന്നിലെന്നാണ് മൊഴി. സംഭവത്തിൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കും.കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കുട്ടികളുടെ മൃതദേഹം കനാലിൽനിന്ന് കണ്ടെത്തിയത്. കുട്ടികളെ കനാലിൽ തള്ളിയിട്ട ശേഷം പിതാവ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. ഉച്ചകഴിഞ്ഞ് 2:15നും 2:30നും ഇടയിൽ പിതാവ് ഇരുചക്ര വാഹനത്തിൽ മൂന്നു മക്കളുമായി വീട് വിടുകയായിരുന്നു എന്നാണ് പൊലീസിൻ്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. തുടർന്ന് മകനെയും മകളെയും കനാലിലേക്ക് തള്ളിയിട്ടു. ആറു വയസ്സുള്ള മകളുമായി യാദ്ഗിരി ടൗണിലെത്തിയ ഇയാൾ 112ൽ വിളിച്ച് പൊലീസിനോട് വിവരം അറിയിക്കുകയായിരുന്നു.
രാത്രിയായതിനാൽ പൊലീസിന് തെരച്ചിൽ ദുഷ്കരമായിരുന്നു. പിന്നീട് രാവിലെ ആറരയോടെ കനാലിലെ ഒഴുക്ക് നിയന്ത്രിച്ചു തെരച്ചിൽ പുനരാരംഭിച്ചു. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആൺകുട്ടിയുടെയും വൈകുന്നേരം അഞ്ചരയ്ക്കും ആറുമണിക്കും ഇടയിൽ പെൺകുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് യാദ്ഗിരി എസ്പി പൃുത്വിക് ശങ്കർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. മരിച്ച രണ്ട് മക്കൾക്കും ഭാര്യയോടായിരുന്നു അടുപ്പമെന്ന് പ്രതി പൊലീസിന് മൊഴി നൽകി. മരിച്ച പെൺകുട്ടി നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.
