Latestകണ്ണൂര്‍കേരളംവാര്‍ത്തകള്‍

കൊട്ടിയൂർ മന്ദംചേരി പാലത്തിൻ്റെ ഉദ്ഘാടനം ഇന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. നിർവഹിക്കും

കൊട്ടിയൂർ:-വൈശാഖ മഹോത്സവത്തിന് തുടക്കം കുറിക്കാൻ രണ്ട് നാൾ മാത്രം ശേഷിക്കേ കൊട്ടിയൂർ ദേവസ്വം മന്ദംചേരിയിൽ പുതുതായി നിർമ്മിച്ച നടപ്പാലത്തിന്റെ ഉദ്‌ഘാടനം ഇന്ന് 26ന് ചൊവ്വാഴ്ച 11മണിക്ക് നടക്കുന്ന ചടങ്ങിൽ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫും ചടങ്ങിൽ പങ്കെടുക്കും.

മന്ദംചേരിയിൽ ബാവലിപ്പുഴക്ക് കുറുകെ നിർമ്മിച്ച സ്റ്റീൽ പാലത്തിന് 60 മീറ്റർ നീളവും അഞ്ചുമീറ്റർ വീതിയുമാണുള്ളത്. ദേവസ്വം ഫണ്ടുപയോഗിച്ച് നിർമ്മിച്ച പാലത്തിന്റെ ചിലവ് 2.5 കോടി രൂപയാണ്.
വൈശാഖ മഹോത്സവത്തിനെത്തുന്ന ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ദേവസ്വം നടത്തിയ വിവിധ നിർമ്മാണ പ്രവർത്തികളുടെ ഉദ്‌ഘാടനവും ഇതോടൊപ്പം നടക്കും.

നവീകരിച്ച പാർക്കിങ് സ്ഥലങ്ങളുടെ ഉദ്‌ഘാടനം മന്ത്രി സണ്ണിജോസഫ് നിർവഹിക്കും. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസുമാസ്റ്റർ അക്കരെ സന്നിധിയിൽ ഒരുക്കിയിരിക്കുന്ന നടപ്പന്തലിന്റെ ഉദ്‌ഘാടനം നിർവഹിക്കും. ചടങ്ങിൽ കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ അദ്ധ്യക്ഷത വഹിക്കും.