സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ ശക്തമാകാൻ സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഇന്ന് ഒൻപത് ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശമുള്ളത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്.
നാളെ ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ആറ് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് സൂചന. തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ഉള്‍പ്പെടെ ഒൻപത് ജില്ലകളിലും, ചൊവ്വാഴ്ച തെക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിലും, ബുധനാഴ്ച തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ആറ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ മാസം 27-ാം തീയതി വരെ വിവിധ ജില്ലകളില്‍ കനത്ത ജാഗ്രത തുടരും. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റും വീശിയടിച്ചേക്കാം.
