താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം
താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിലെ ആറ്, ഏഴ്, എട്ട് ഹെയർപിൻ വളവുകള്‍ വീതികൂട്ടുന്ന പ്രവൃത്തി പുരോഗമിക്കുന്നതിന്റെ ഭാഗമായാണ് ഭാരമേറിയ വാഹനങ്ങള്‍ക്കും മള്‍ട്ടി ആക്സില്‍ ലോറികള്‍ക്കും വെള്ളിയാഴ്ച മുതല്‍ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതെന്ന് കോഴിക്കോട് പി.ഡബ്ല്യു.ഡി.
എൻ.എച്ച്. ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ കെ.വി. സുജീഷ് അറിയിച്ചു.എന്നാല്‍ തിങ്കളാഴ്ച മുതലായിരിക്കും നിയന്ത്രണം കർശനമാക്കുക. വളവ് വീതികൂട്ടുന്ന പ്രവൃത്തി അവസാനിക്കുന്നത് വരെ നിയന്ത്രണം തുടരും. കോഴിക്കോട് നിന്ന് കല്പറ്റ ഭാഗത്തേക്ക് പോവുന്ന മള്‍ട്ടി ആക്സില്‍ ഭാരവാഹനങ്ങള്‍ താമരശ്ശേരി ചുങ്കത്തില്‍ നിന്നും ബാലുശ്ശേരി-കുറ്റ്യാടി വഴിയും, കല്പറ്റ ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ഇത്തരം വാഹനങ്ങള്‍ വൈത്തിരി ടൗണില്‍ നിന്ന് പടിഞ്ഞാറത്തറ-തരുവണ-കുറ്റ്യാടി വഴിയും പോവണം.
മറ്റ് വാഹനങ്ങള്‍ ചുരത്തില്‍ പ്രവൃത്തി നടക്കുന്ന ഭാഗങ്ങളിലൂടെ പോകണം. കൂടാതെ വാഹനങ്ങള്‍ സാവധാനത്തിലും സുരക്ഷിതമായും അധികൃതരുടെ നിർദേശങ്ങള്‍ പാലിച്ചും കടന്നു പോവണമെന്ന് എക്സിക്യുട്ടീവ് എൻജിനിയർ നിർദേശിച്ചു.